സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നതിനായി സംസ്ഥാനത്തു നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്കായി കേരളം ഇതുവരെ നൽകിയത് 6033 കോടി രൂപ. കേന്ദ്ര വിഹിതമായി ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചത് 5610 കോടി രൂപ. ജൽജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതത്തിന് ആനുപാതികമായി സംസ്ഥാനവും തുക നൽകണമെന്നാണു ചട്ടം. എന്നാൽ, ഇതിനകം സംസ്ഥാനം 423 കോടി രൂപ അധികമായി നൽകിയിട്ടുണ്ടെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. കേന്ദ്ര- സംസ്ഥാന വിഹിതമായി പദ്ധതിക്ക് ഇതുവരെ ലഭിച്ചത് 11,643 കോടി രൂപയാണ്. സംസ്ഥാന ബജറ്റുകളിൽ ഈ ഇനത്തിൽ നീക്കിവച്ചത് 2950 കോടി രൂപയാണ്. എന്നാൽ, ഇതിന്റെ ഇരട്ടിയിലേറെ രൂപ അധികമായി പദ്ധതിക്കായി നൽകി. ബജറ്റിൽ നീക്കിവച്ചതിനേക്കാൾ 3083 കോടി രൂപയാണ് അധികമായി നൽകിയത്.
2019-20ൽ സംസ്ഥാന ബജറ്റിൽ വച്ചത് 200 കോടി. കേന്ദ്ര വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം നൽകിയത് 101.29 കോടി രൂപ മാത്രമായിരുന്നു. 2020-21 ൽ സംസ്ഥാന ബജറ്റിൽ വച്ചത് 800 കോടി രൂപ നീക്കിവച്ചപ്പോൾ സംസ്ഥാനം നൽകിയത് 303.18 കോടി രൂപ. 2021- 22ൽ സംസ്ഥാന ബജറ്റിൽ 400 കോടി വകയിരുത്തിയപ്പോൾ സംസ്ഥാനം 1353.44 കോടി രൂപ നൽകി.
2022-23ൽ ബജറ്റിൽ വച്ചത് 500 കോടി നീക്കിവച്ചപ്പോൾ സംസ്ഥാനം 1616.29 കോടി നൽകി. അടുത്ത രണ്ടു ബജറ്റുകളിലും നീക്കിവച്ച തുകയുടെ ഇരട്ടിയിലേറെ നൽകി.
ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാലു വർഷം കടക്കുന്പോൾ സംസ്ഥാനത്തെ പകുതിയിലധികം ഗ്രാമീണ വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി. ആകെ 70 ലക്ഷത്തോളം പേർക്കു നൽകേണ്ടതിൽ 38 ലക്ഷത്തോളം വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായെന്നാണു കണക്കുകൾ. നാലു വർഷത്തിനകം 20 ലക്ഷത്തിനു മുകളിൽ കണക്ഷനുകൾ നൽകി. സംസ്ഥാനത്തെ ജലവിതരണ മേഖലയിലെ മുൻകാല ചരിത്രം പരിശോധിക്കുന്പോൾ ഇതു വലിയ നേട്ടമാണ്.
ഇതിലൂടെ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം ഒരു പരിധിവരെ ഒഴിവാക്കാനുമായതായാണ് സർക്കാർ നിഗമനം. ജൽജീവൻ മിഷൻ പദ്ധതിയിലൂടെ പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റർ എന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും സംസ്ഥാനത്ത് പ്രതിദിന ആളോഹരി ജലലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.